Month: ഫെബ്രുവരി 2020

നാം പൊടിയാണ്

ചെറുപ്പക്കാരനായ പിതാവിന്റെ ക്ഷമ നശിച്ചിരുന്നു. ''ഐസ്‌ക്രീം! ഐസ്‌ക്രീം!'' അയാളുടെ മുട്ടിലിഴയുന്ന കുട്ടി നിലവിളിച്ചു. തിങ്ങിനിറഞ്ഞ മാളിന്റെ നടുവിലെ ബഹളം ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ''ശരി, പക്ഷേ നമുക്ക് ആദ്യം മമ്മിക്കായി എന്തെങ്കിലും ചെയ്യണം'' പിതാവ് പറഞ്ഞു. ''ഇല്ല! ഐസ്‌ക്രീം!'' അപ്പോഴാണ് അവള്‍ അവരെ സമീപിച്ചത്: നല്ല വസ്ത്രം ധരിച്ച, ഹാന്‍ഡ്ബാഗിനു മാച്ച് ചെയ്യുന്ന ചെരിപ്പുകളുള്ള ഒരു സ്ത്രീ. ''അവന്‍ വലിയ വാശിക്കാരനാണ്,'' പിതാവ് പറഞ്ഞു. ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പ്രതികരിച്ചു, ''യഥാര്‍ത്ഥത്തില്‍, വലിയ വാശിക്കാരനാണ്
നിങ്ങളുടെ കുട്ടിയെ കിട്ടിയതെന്നു തോന്നുന്നു. അവന്‍ വളരെ ചെറുതാണെന്ന് മറക്കരുത്. നിങ്ങള്‍ ക്ഷമയോടെ അടുത്ത് നില്‍ക്കേണ്ടത് അവന് ആവശ്യമാണ്.'' ആ സാഹചര്യം സ്വയമേവ പരിഹരിക്കപ്പെട്ടില്ല, പക്ഷേ ഈ താല്ക്കാലിക വിരാമം അച്ഛനും മകനും ആവശ്യമായ ഒന്നായിരുന്നു.

ജ്ഞാനിയായ സ്ത്രീയുടെ വാക്കുകളുടെ പ്രതിധ്വനി 103-ാം സങ്കീര്‍ത്തനത്തില്‍ കേള്‍ക്കുന്നു. ദാവീദ് നമ്മുടെ ദൈവമായ കര്‍ത്താവിനെക്കുറിച്ച് എഴുതുന്നു, ''യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ'' (വാ. 8). 'മക്കളോട് കരുണയുള്ള'' ഒരു ഭൗമിക പിതാവിന്റെ രൂപം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവന്‍ തുടരുന്നു, അതിലുപരിയായി ''അപ്പന് മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു'' (വാ. 13). നമ്മുടെ പിതാവായ ദൈവം ''നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു'' (വാ. 14). നാം ചെറിയവരും ദുര്‍ബലവുമാണെന്ന് അവനറിയാം.

നാം പലപ്പോഴും പരാജയപ്പെടുകയും ഈ ലോകം നമുക്കു നല്‍കുന്ന കാര്യങ്ങളില്‍ അതിശയിക്കുകയും ചെയ്യുന്നു. നമ്മുടെ പിതാവിന്റെ ക്ഷമ, എപ്പോഴും നിലനില്‍ക്കുന്ന, സമൃദ്ധമായ സ്‌നേഹം എന്നിവയെ അറിയുന്നത് എത്ര അത്ഭുതകരമായ ഉറപ്പാണ്.

സ്തുതി ഉയര്‍ത്തുക

ഒരു ഭൂപടത്തിന്റെ മധ്യഭാഗം നോക്കി അത് എവിടെയാണ് വരച്ചതെന്ന് നിങ്ങള്‍ക്ക് പൊതുവായി പറയാന്‍ കഴിയും. നമ്മുടെ വീട് ലോകത്തിന്റെ കേന്ദ്രമാണെന്ന് ചിന്തിക്കാനുള്ള പ്രവണത നമുക്കുണ്ട്, അതിനാല്‍ നാം നടുക്ക് ഒരു കുത്ത് ഇടുകയും അവിടെ നിന്ന് വരയ്ക്കാനരംഭിക്കുകയും ചെയ്യുന്നു. അടുത്തുള്ള പട്ടണങ്ങള്‍ വടക്ക് അമ്പത് മൈല്‍ അല്ലെങ്കില്‍ തെക്കോട്ട് അര ദിവസത്തെ ഡ്രൈവ് ആയിരിക്കാം, പക്ഷേ എല്ലാം നമ്മള്‍ എവിടെയാണെന്നതുമായി ബന്ധപ്പെട്ടതാണ്. സങ്കീര്‍ത്തനങ്ങള്‍ പഴയനിയമത്തിലെ ദൈവത്തിന്റെ ഭൗമിക ഭവനത്തില്‍ നിന്ന് അവരുടെ ''ഭൂപടം'' വരയ്ക്കുന്നു, അതിനാല്‍ വേദപുസ്തക ഭൂമിശാസ്ത്രത്തിന്റെ കേന്ദ്രം യെരുശലേം ആണ്.

യെരുശലേമിനെ സ്തുതിക്കുന്ന നിരവധി സങ്കീര്‍ത്തനങ്ങളില്‍ ഒന്നാണ് 48-ാം സങ്കീര്‍ത്തനം. ഈ ''നമ്മുടെ ദൈവത്തിന്റെ നഗരം, അവന്റെ വിശുദ്ധ പര്‍വ്വതം'' ''അതിമനോഹരവും, സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു'' (വാ. 1-2). 'അവളുടെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടു വന്നിരിക്കുന്നതിനാല്‍'' ''ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു'' (വാ. 3, 8). ദൈവത്തിന്റെ പ്രശസ്തി യെരുശലേമിന്റെ ആലയത്തില്‍ ആരംഭിച്ച് ''ഭൂമിയുടെ അറ്റങ്ങളിലേക്ക്'' വ്യാപിക്കുന്നു (വാ. 9-10).

നിങ്ങള്‍ ഇത് യെരുശലേമില്‍ വെച്ചു വായിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വീട് ബൈബിള്‍ ലോകത്തിന്റെ മധ്യത്തിലല്ല. എന്നിട്ടും നിങ്ങളുടെ പ്രദേശം വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം അവന്റെ സ്തുതി ''ഭൂമിയുടെ അറ്റം വരെ'' എത്തുന്നതുവരെ ദൈവം വിശ്രമിക്കുകയില്ല (വാ. 10). ദൈവം തന്റെ ലക്ഷ്യത്തിലെത്തുന്ന രീതിയുടെ ഭാഗമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഓരോ ആഴ്ചയും ദൈവജനത്തോടൊപ്പം ആരാധിക്കുക, അവന്റെ മഹത്വത്തിനായി ഓരോ ദിവസവും പരസ്യമായി ജീവിക്കുക. നാം നമ്മെത്തന്നെയും നമുക്കുള്ളതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍ ദൈവത്തിന്റെ പ്രശസ്തി ''ഭൂമിയുടെ അറ്റങ്ങളിലേക്ക്'' വ്യാപിക്കുന്നു.

നാം എന്തു ചെയ്യുന്നു എന്നത് ഗൗരവമുള്ളതാണോ?

ഒരു നെടുവീര്‍പ്പോടെ ഞാന്‍ എന്റെ നെറ്റി കൈയ്യില്‍ താങ്ങി, ''ഇതെല്ലാം എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് എനിക്കറിയില്ല.'' എന്റെ സുഹൃത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടു: ''നീ നിനക്കുതന്നേ കുറച്ച് അംഗീകാരം നല്‍കണം. നീ വളരെയധികം ചെയ്യുന്നു.'' തുടര്‍ന്ന് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളുടെ പട്ടിക അവന്‍ നിരത്തി - ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിര്‍ത്തുക, ജോലി ചെയ്യുക, ഗ്രാജുവേറ്റ് സ്‌കൂളില്‍ നന്നായി പ്രവര്‍ത്തിക്കുക, എഴുതുക, ഒരു ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കുക. ദൈവത്തിനായി ഈ കാര്യങ്ങളെല്ലാം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു, പകരം ഞാന്‍ എങ്ങനെ ചെയ്യുന്നു എന്നതിനേക്കാള്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു - അല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ വളരെയധികം ചെയ്യാന്‍ ശ്രമിക്കുകയാണ്.

ദൈവത്തെ മഹത്വപ്പെടുത്തുന്ന വിധത്തിലാണ് അവര്‍ ജീവിക്കേണ്ടതെന്ന് പൗലൊസ് കൊലൊസ്യയിലെ സഭയെ ഓര്‍മ്മിപ്പിച്ചു. ആത്യന്തികമായി, അവര്‍ ദൈനംദിന അടിസ്ഥാനത്തില്‍ പ്രത്യേകമായി ചെയ്തത് അവര്‍ എങ്ങനെ ചെയ്തു എന്നതു പോലെ പ്രധാനമല്ല. ''മനസ്സലിവ്, ദയ,
താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ'' എന്നിവകൊണ്ടാണ് അവര്‍ തങ്ങളുടെ ജോലി ചെയ്യേണ്ടത് (കൊലോസ്യര്‍ 3:12), എല്ലാറ്റിനുമുപരിയായി സ്‌നേഹിക്കുക (വാ. 13-14), 'സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍'' ചെയ്യണം (വാ. 17). അവരുടെ ജോലി ക്രിസ്തുതുല്യ ജീവിതത്തില്‍ നിന്ന് വേര്‍പെട്ടതല്ല.

നാം ചെയ്യുന്നത് പ്രധാനമാണ്, പക്ഷേ നാം അത് എങ്ങനെ ചെയ്യുന്നു, എന്തുകൊണ്ട് ചെയ്യുന്നു, ആര്‍ക്കു ചെയ്യുന്നു എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ ദിവസവും നമുക്ക് സമ്മര്‍ദ്ദ-രഹിത രീതിയിലോ ദൈവത്തെ ബഹുമാനിച്ച് യേശുവിനെ നമ്മുടെ വേലയോടു ചേര്‍ത്ത് അതിന്റെ അര്‍ത്ഥം അന്വേഷിക്കുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നതു തിരഞ്ഞെടുക്കാം. രണ്ടാമത്തേത് പിന്തുടരുമ്പോള്‍ നമുക്ക് സംതൃപ്തി ലഭിക്കും.

മേഴ്‌സിയുടെ വിലാപം

അവളുടെ പിതാവ് തന്റെ അസുഖത്തിന് മന്ത്രവാദത്തെ കുറ്റപ്പെടുത്തി. എയ്ഡ്സ് ആയിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മരിച്ചപ്പോള്‍, മകള്‍, പത്തുവയസ്സുള്ള മേഴ്സി, അമ്മയോട് കൂടുതല്‍ അടുത്തു. എന്നാല്‍ അവളുടെ അമ്മയ്ക്കും അസുഖമുണ്ടായിരുന്നു, മൂന്നു വര്‍ഷത്തിനുശേഷം അവരും മരിച്ചു. അന്നുമുതല്‍, മേഴ്സിയുടെ സഹോദരി അഞ്ച് കുഞ്ഞുങ്ങളെ വളര്‍ത്തി. അപ്പോഴാണ് മേഴ്സി അവളുടെ അഗാധമായ വേദനയുടെ ഒരു ജേണല്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.

യിരെമ്യാ പ്രവാചകനും തന്റെ വേദനയുടെ ഒരു രേഖ സൂക്ഷിച്ചു. വിലാപങ്ങളുടെ കഠിനമായ പുസ്തകത്തില്‍, ബാബിലോണിയന്‍ സൈന്യം യെഹൂദയോട് ചെയ്ത അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. ഇരകളില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍ക്കായി യിരെമ്യാവിന്റെ ഹൃദയം പ്രത്യേകിച്ചും ദുഃഖിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; ... പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു'' (2:11). യെഹൂദയിലെ ആളുകള്‍ക്ക് ദൈവത്തെ അവഗണിച്ച ചരിത്രമുണ്ടായിരുന്നു, പക്ഷേ അവരുടെ മക്കളും അതിന്റെ വില കൊടുക്കുകയായിരുന്നു. ''അവര്‍ അമ്മമാരുടെ മാറില്‍വച്ചു പ്രാണന്‍ വിടുന്നു'' എന്ന് യിരെമ്യാവു എഴുതി (വാ. 12).

അത്തരം കഷ്ടപ്പാടുകള്‍ നേരിടുമ്പോള്‍ യിരെമ്യാവ് ദൈവത്തെ തള്ളിക്കളയുമെന്ന് നാം പ്രതീക്ഷിച്ചിരിക്കാം. പകരം, അവന്‍ അതിജീവിച്ചവരോട് അഭ്യര്‍ത്ഥിച്ചു, ''നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃസന്നിധിയില്‍ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നു കിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലര്‍ത്തുക'' (വാ. 19).

മേഴ്‌സിയും യിരെമ്യാവും ചെയ്തതുപോലെ, നമ്മുടെ ഹൃദയം ദൈവത്തിലേക്ക് പകരുന്നത് നല്ലതാണ്. മനുഷ്യനെന്ന നിലയില്‍ വിലാപം ഒരു നിര്‍ണായക ഭാഗമാണ്. ദൈവം അത്തരം വേദന അനുവദിക്കുമ്പോഴും അവന്‍ നമ്മോട് ചേര്‍ന്നു ദുഃഖിക്കുന്നു. നാം അവന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവന്‍ നിശ്ചയമായും വിലപിക്കും!

എങ്ങനെ ട്രാക്കില്‍ തന്നെ തുടരാം

ലോകത്തിലെ ഏറ്റവും വേഗതയേറിയ അന്ധ ഓട്ടക്കാരനെന്ന നിലയില്‍, യുഎസ് പാരാലിമ്പിക് ടീമിലെ ഡേവിഡ് ബ്രൗണ്‍ തന്റെ വിജയങ്ങള്‍ക്ക് ദൈവത്തോടും അമ്മയുടെ ആദ്യകാല ഉപദേശത്തോടും (''വെറുതെ ചുറ്റിപ്പറ്റി ഇരിക്കരുത്''), ഒപ്പം ഓട്ട പരിശീലകനായ മുതിര്‍ന്ന സ്പ്രിന്റര്‍ ജെറോം അവേരിയോടുും കടപ്പെട്ടിരിക്കുന്നതായി പറയുന്നു. തന്റെ വിരലുകളില്‍ കെട്ടിയിരിക്കുന്ന ഒരു ചരടിനോട് ബ്രൗണിനെ ബന്ധിച്ച് അവേരി, ബ്രൗണിന്റെ വിജയ മല്‍സരങ്ങളെ വാക്കുകളും സ്പര്‍ശനങ്ങളും ഉപയോഗിച്ച് നയിക്കുന്നു.

വളഞ്ഞ ട്രാക്കുകളുള്ള 200 മീറ്റര്‍ ഓട്ടത്തില്‍ തനിക്ക് ''അതനുസരിച്ച് തിരിയാന്‍'' കഴിയുമെന്ന് ബ്രൗണ്‍ പറയുന്നു: ''എല്ലാം അദ്ദേഹത്തിന്റെ സൂചനകള്‍ ശ്രദ്ധിക്കുന്നതിലാണ്. ദിനംപ്രതി, ഞങ്ങള്‍ റേസ് തന്ത്രങ്ങള്‍ മറികടക്കുകയാണ്,'' ബ്രൗണ്‍ പറയുന്നു, ''പരസ്പരം ആശയവിനിമയം നടത്തുക-വാക്കാലുള്ള സൂചനകള്‍ മാത്രമല്ല, ശാരീരിക സൂചകങ്ങളും അതിനുപയോഗിക്കുന്നു.''

നമ്മുടെ സ്വന്തം ജീവിത ഓട്ടത്തില്‍, ഒരു ദിവ്യ വഴികാട്ടിയുടെ അനുഗ്രഹം നമുക്കുണ്ട്. നമ്മുടെ സഹായിയായ പരിശുദ്ധാത്മാവിനെ നാം അനുഗമിക്കുമ്പോള്‍ നമ്മുടെ ചുവടുകളെ അവന്‍ നയിക്കുന്നു. ''നിങ്ങളെ തെറ്റിക്കുന്നവരെ ഓര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു,'' യോഹന്നാന്‍ എഴുതി (1 യോഹന്നാന്‍ 2:26). 'അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്‌ക്കല്ല സത്യം തന്നെ ആയിരിക്കുകയാലും, അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍'' (വാ. 27).

പിതാവിനെയും യേശുക്രിസ്തുവാണ് മിശിഹാ എന്നതിനെയും തള്ളിപ്പറഞ്ഞ ''എതിര്‍ക്രിസ്തുക്കളെ'' നേരിട്ട വിശ്വാസികളോടാണ് യോഹന്നാന്‍ ഈ വാക്കുകള്‍ ഊന്നിപ്പറയുന്നത് (വാ. 22). അത്തരം നിഷേധികളെ നാം ഇന്നും അഭിമുഖീകരിക്കുന്നു. എന്നാല്‍ നമ്മുടെ വഴികാട്ടിയായ പരിശുദ്ധാത്മാവ് യേശുവിനെ അനുഗമിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. നമ്മെ ട്രാക്കില്‍ സൂക്ഷിക്കുന്ന, സത്യവുമായി നമ്മെ സ്പര്‍ശിക്കാനുള്ള അവന്റെ മാര്‍ഗനിര്‍ദേശത്തെ നമുക്ക് വിശ്വസിക്കാം.